അപ്പൂപ്പൻ കഥകൾ -1
സ്ക്കൂൾ വിട്ടുവന്ന അപ്പുണ്ണി പതിവുപോലെ അമ്മയുടെ അടുത്തിരുന്നു പലഹാരം കഴിക്കുകയായിരുന്നു. കുടിക്കാൻ ജീരകവെള്ളവും കഴിക്കാൻ അവന് ഏറെ ഇഷ്ടമുള്ള അമ്മ പ്രത്യേകം തയ്യാറാക്കുന്ന എള്ളും അവിലും ചേർത്തുണ്ടാക്കിയ കറുത്തയുണ്ട തന്നെയായിരുന്നു.അവൻ്റെ പ്രിയപ്പെട്ട കുഞ്ഞുതാലത്തിൽ . പക്ഷേ അത് മുഴുവൻ കഴിക്കാനുള്ള ക്ഷമ അവനുണ്ടായില്ല.അമ്മ മറ്റെന്തിനോ പുറത്തിറങ്ങിയപ്പോൾ തക്കം നോക്കി അവൻ രക്ഷപ്പെട്ടു. താലത്തിൽ അവശേഷിച്ച ഒന്നുരണ്ടുണ്ടകൾ അപ്പോഴും സങ്കടപ്പെടുന്നുണ്ടായിരുന്നു.ഞങ്ങളെക്കൂടി അകത്താക്കൂ എന്ന ഭാവത്തിൽ.
എന്നാൽ അപ്പുണ്ണി അതത്ര ശ്രദ്ധിച്ചില്ല.അവൻ്റെ ഉള്ളിൽ നിറയെ ഗിരി അപ്പൂപ്പൻ്റെ അടുത്ത് എത്താനുള്ള തിടുക്കം മാത്രമായിരുന്നു.
ചിത്രം:AI നിർമ്മിതം.,oliyaazhi.comവീടിൻ്റെ പിറകിലെ കുന്നിൻ ചെരിവിലൂടെ വേണം അപ്പൂപ്പൻ്റെ വീട്ടിലെത്താൻ. കരിമ്പാറകൾ നിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ അവൻ വേഗം നടന്നു..സന്ധ്യക്ക് മുൻപ് തിരിച്ചെത്തണം.
അപ്പുണ്ണിയുടെ വീടുപോലെ വലിയ ഒരു പാട് സൗകര്യങ്ങൾ ഉള്ള ഒന്നല്ല,ഒരു ചെറിയ മനോഹരമായ വീട്.ചുറ്റും ചെടികൾ വളർന്ന് വള്ളികൾ പടർന്ന് പൂക്കൾ വിരിഞ്ഞ് കായകൾ കായ്ച്ചു നിറഞ്ഞു മനോഹരമായ ചുറ്റുപാടുകൾ നിറഞ്ഞ, ആകർഷകമായ ഒരിടം.
വഴിയിലുടനീളം അവൻ അപ്പൂപ്പൻ്റെ ജീവിത ചിത്രങ്ങളിലെ വർണ്ണരാജികളിൽ കടുംനിറങ്ങൾ ചേർത്തു നോക്കി. അപ്പൂപ്പനെ കുറിച്ച് അവന്ന് ഏറെയൊന്നും അറിയില്ല. പലപ്പോഴും അവൻ ആഗ്രഹിച്ചിട്ടുണ്ട്..അപ്പൂപ്പനെക്കുറിച്ച് എല്ലാം അറിയണമെന്ന്.പക്ഷേ അമ്മ പറഞ്ഞിട്ടുണ്ട്.അവിടേക്ക് പോകുന്നതൊക്കെ കൊള്ളാം..ആവശ്യമില്ലാത്ത ചോദ്യങ്ങൾ കൊണ്ട് ബുദ്ധിമുട്ടിക്കരുത്...വലിയ സർക്കാർ പദവിയിൽ ഇരുന്ന ആളാണെന്നൊക്കെ കേട്ടിട്ടുണ്ട്..കുട്ടിയല്ലേ എന്ന് കരുതിയാവും നിന്നോടൊന്നും പറയാത്തത്...
അമ്മ പറയും പോലെ അപ്പൂപ്പൂപ്പന് വലിയ ഉദ്യോഗം ചെയ്ത ആളാണെന്ന വിചാരം ഒന്നും ഇല്ല..നല്ല ഇഷ്ടം തോന്നിയ ദിവസൊക്കെ വാവേ എന്ന വിളിക്കാറ്..അങ്ങനെ വിളിക്കുന്നത് എനിക്ക് ഇഷ്ടാ..പക്ഷേ അമ്മ പറയുന്നത് മൂന്നാം ക്ലാസിൽ എത്തിയ ഒരു കുട്ടിയെ ഒക്കെ അങ്ങനെ വിളിക്കുക എന്ന് വെച്ചാൽ കുട്ടികളെ കുട്ടിത്തത്തിന് മേലെ അടയിരിക്കാൻ പഠിപ്പിക്കലാത്രേ.അത് അത്ര നന്നല്ല.കുട്ടികൾ വളരുമ്പോൾ അതിൻ്റേതായ ഗൗരവമൊക്കെ വേണമത്രേ..
അതൊക്കെ ഒരു ദിവസം അപ്പൂപ്പനോട് പറഞ്ഞപ്പോൾ കറ പുരളാത്ത പല്ലുകൾ കാണെ ഉറക്കെ ചിരിച്ചു... എന്നിട്ട് പറഞ്ഞു. അപ്പുണ്ണിക്ക് അച്ഛൻ്റെ മീശ കടം വാങ്ങായിരുന്നില്ലേ, കൂട്ടിപിരിച്ച് ഈ കുന്നിൻ ചെരിവിലൂടെ അങ്ങനെ അങ്ങ് ഗൗരവക്കാരനായി ഗമയിൽ നടക്കാൻ..അത് കേട്ടപ്പോൾ അവനും തോന്നി .ശരിയാ..അത് കൊള്ളാല്ലോ..
പക്ഷേ അച്ഛൻ ഗൗരവക്കാരനാ..പൊലീസ് എമാൻ..ഇപ്പൊ സഹായിക്കാൻ പക്ഷേ, പറ്റിയ ഒരാളുണ്ട്. അപ്പൂപ്പൻ.
ഞാനപ്പോൾ അപ്പുണ്ണിയെ പോലെ കുഞാവില്ലേ, മീശയില്ലാതെ....പിന്നെയാരാ കഥ പറയാൻ ഉണ്ടാവ്വാ..അപ്പൂപ്പൻ ചെറു ചിരിയോടെ പുറത്തെ ഇളം വെയിലിലേക്ക് നോക്കി.
കുഞ്ഞായാലും കഥ പറയാല്ലോ,കുഞ്ഞുങ്ങളെപ്പോലെ...ഉറക്കെയല്ല..മനസ്സിൽ പറഞ്ഞു.
അങ്ങനെ എന്തെല്ലാം..
അപ്പൂപ്പൻ ഉള്ളുതുറന്ന്, ഒരു ദിവസം ചിരിച്ച് കണ്ടപ്പോൾ അവൻ ചോദിച്ചു.. അപ്പൂപ്പന്നു എങ്ങനെയാ ഇങ്ങനെ ചിരിക്കാൻ അവന്ന്..
അപ്പൂപ്പൻ്റെ നരവീണ കണ്ണുകളിൽ ഇരുൾപുരണ്ട ഒരു മേഘക്കീർ അടർന്ന് വീണ പോലെ തോന്നി..
അപ്പുണ്ണി, അപ്പുണ്ണിയുടെ അച്ഛനെപോലെ ഞാനും ഒരു ഗൗരവകാരൻ ആയിരുന്നു..ജീവിതം ഒരു വലിയ എൻജിൻ വണ്ടി പോലെ മുന്നിൽ വന്നു നിന്ന കാലത്ത്,എനിക്കും കഴിഞ്ഞിരുന്നില്ല..ചിരിക്കാൻ...ചിരിച്ച് തുടങ്ങിയത് ,ഇതാ ഈ കുന്നിൻ ചെരുവിൽ വന്നു ഈ തെളിഞ്ഞ ആകാശവും ഇവിടത്തെ ഇളം കാറ്റും കൊണ്ടിരിക്കാൻ തുടങ്ങിയ മുതലാ...പൊട്ടിച്ചിരിക്കാൻ തുങ്ങിയത് ഈയിടെയാ..കഥ പറഞ്ഞിരിക്കാൻ മുന്നിൽ ഒരാള് ഉണ്ടായപ്പോൾ..അപ്പുണ്ണി..
വലിയ ഓഫീസിലെ ജോലി , കുറെ പൈസ ..പിന്നെ വലിയ കാറും ഒക്കെ ഉണ്ടായിരിക്കില്ലേ.അതിലൊക്കെ കേറി പത്രാസിൽ അങ്ങനേ പോവുമ്പോൾ ,ആഹ്ലാദിക്കാനും ചിരിക്കാനും പറ്റിയില്ല?
ഒക്കെ ഉണ്ടായിരുന്നു.
ജീവിക്കാൻ ഒക്കെ നല്ലത് തന്നെ, ഇതൊക്കെ.പക്ഷേ ഇതൊക്കെ പോരയെൻ്റെ, അപ്പുണ്ണിയെ..ഉള്ളറിഞ്ഞു ചിരിക്കാൻ..
അപ്പൂപ്പൻ അന്നേരം പറഞ്ഞത് തികച്ചും മനസിലായില്ല...ആകാശത്തിൻ്റെ നെറുകയില് ഇരുന്ന് നക്ഷത്രങ്ങളെ കണ്ട ശാസ്ത്രജ്ഞനാണ്, അപ്പൂപ്പൻ...എന്നിട്ടും... ഉത്തരം കാണാത്ത ചോദ്യങ്ങൾക്ക് മറുവാക്ക് കേൾക്കാൻ ഇനിയും എത്ര നാൾ കൂടെ കൂടണം..അറിയില്ല..
ഓ..എത്തിയല്ലോ. .ആലോചനകളിൽ നിന്ന് ഉണർന്ന്,
മുറ്റത്ത് ഇറങ്ങിയപ്പോൾ പരവതാനിപോലെ പടർന്നു കിടന്ന പർപ്പടപടർപ്പുകളുടെ പതുപതിപ്പ് , ഇളം തണുപ്പ് ഒന്നും അവൻ പതിവുപോലെ രണ്ടുചാല് നടന്നു ആസ്വദിച്ചില്ല.
വേഗം വടക്കെ മുറ്റത്തേക്ക് ചെന്നു.ഈ നേരങ്ങളിൽ അവിടെയാണ് മിക്കപ്പോഴും അപ്പൂപ്പൻ ഉണ്ടാവുക.
ചിത്രം:AI നിർമ്മിതം.,oliyaazhi.comശരിയാണ്.അപ്പൂപ്പൻ മുറ്റം അടിക്കുകയായിരുന്നു. തെക്ക് മുറ്റം പോലെയല്ല. പർപ്പടകപടർപ്പില്ലാത്ത കല്ലുകളും ഇളം പുല്ലുകളും നിറഞ്ഞ മുറ്റം. അല്പം മുൻപ് ചാറിയ മഴയിൽ അടർന്നു വീണ കരിയിലകൾ ചിതറിക്കിടക്കുന്നു.
അപ്പൂപ്പാ..പിറകിൽനിന്നുള്ള വിളി കേട്ട് അപ്പൂപ്പൻ നിവർന്ന് ചിരിച്ചു: അപ്പുണ്ണി ഇന്ന് നേരത്തെയാണോ?
ഉം..കുറച്ച്.
അതെന്താ അങ്ങനെ,അമ്മ വഴക്ക് പറഞ്ഞില്ലേ.
കാണാതെ ഒരു സൂത്രത്തിൽ ഇങ്ങു പൊന്നു.ഇന്നൊരു വിശേഷം ഉണ്ട് അതോണ്ട്..
എന്തു വിശേഷം
അതൊക്കെ പറയാം.അപ്പൂപ്പൻ വരൂ..അവൻ അപ്പൂപ്പൻ്റെ കൈകൾ കവർന്നു.,വേപ്പ് മരത്തിന്നരികിലേക്ക് നടന്നു.അവർ എന്നും വർത്തമാനം പറഞ്ഞിരിക്കുന്നത് അതിൻ്റെ ചുവട്ടിലെ പാറക്കല്ലിൻ പുറത്താണ്.
അപ്പൂപ്പൻ ഇരുന്നപ്പോൾ അവൻ പറഞ്ഞു.ഇന്നത്തെ ദിവസത്തിന് ഒരു വിശേഷം ഉണ്ട് അപ്പൂപ്പാ.
അപ്പൂപ്പൻ അവനെ സാകൂതം നോക്കി.
അപ്പൂപ്പനെ പോലെയുള്ളവരെ ലോകം മുഴുവൻ ആദരിക്കുന്ന ദിവസമാ ഇന്ന്. ഒക്ടോബർ ഒന്ന്.ലോക വയോജന ദിനം.
ചിത്രം:AI നിർമ്മിതം.,oliyaazhi.comഅപ്പോഴാണ് അവൻ കയ്യിൽ കരുതിയ തുണിസഞ്ചി ശ്രദ്ധിച്ചത്.അവൻ അതിൽനിന്ന് ഒരു തോർത്ത് മുണ്ട് പുറത്തെടുത്തു..അപ്പൂപ്പൻ്റെ ചുമലിൽപ്പുതപ്പിച്ച് കുനിഞ്ഞു കാൽ തൊട്ടു വന്ദിച്ചു.പിന്നെ ഉപഹാരമായി ഒരു ചെറു ഫോട്ടോ എടുത്ത് കൈയിൽ കൊടുത്തു..അത് കണ്ട അപ്പൂപ്പൻ്റെ കണ്ണു നിറഞ്ഞു.. ഗാന്ധിജിയുടെ ഒരു ചെറു ഫോട്ടോ..
അപ്പൂപ്പൻ അവനെ ചേർത്തു പിടിച്ചു,മന്ത്രിച്ചു. നാളെ ഗാന്ധിജയന്തി..നീ മിടുക്കനാണ്,എല്ലാം ഓർമിച്ചല്ലോ..നാളെ പ്രധാനമന്ത്രിയുടെ പ്രസംഗം ഉണ്ടാവും റേഡിയോവിൽ,എല്ലാം കേട്ട് മനസ്സിലാക്കണം..സേവനത്തിൻ്റെ പാഠങ്ങൾ പഠിക്കണം ,ഗാന്ധിജിയെ പോലെ..നമ്മുടെ ഇല്ലായ്മയെ രാഷ്ട്രീയ ആയുധമാക്കി ബ്രിട്ടൻ്റെ അധികാര ഗർവിന്നും നമ്മെ ചൂഷണം ചെയ്ത് ആസ്വദിക്കുന്ന ആഡംബരത്തിനും എതിരെയുള്ള നിലപാടായിരുന്നു, വട്ടമേശ സമ്മേളനത്തിലെ വിട്ടു വീഴ്ച ഇല്ലാത്ത വസ്ത്രധാരണ രീതി. ഇച്ഛാശക്തിയുടെയും സേവന പഠനങ്ങളുടെയും മാതൃകകൾ ഗാന്ധിജിയെപോലെ ഉള്ളവരിൽനിന്ന് പഠിക്കണം. നിങ്ങളെ പോലുള്ളവരുടെ ഇച്ഛാശക്തിയാണ് നാളെ നമ്മുടെ നാടിനെ ലോകത്തിൻ്റെ മുൻനിരയിൽ എത്തിക്കുക.
അപ്പുണ്ണി അപ്പോൾ കൂട്ടിച്ചേർത്തു..അപ്പൂപ്പനെ പോലെയുള്ളവരിൽ നിന്നും..അത് കേട്ട് അപ്പൂപ്പൻ ഇരുകൈകളും നീട്ടി അപ്പുണ്ണിയെ കെട്ടിപ്പിടിച്ചു
അപ്പോൾ എല്ലാം മറന്ന് രണ്ട് പേരും ഹൃദയം നിറഞ്ഞു ചിരിച്ചു.. അപ്പോൾ ചെടിച്ചില്ലകളിലെ തേൻ കുരുവികളും തുന്നാരൻ കുരുവികളും കൂടെ ചേർന്ന് ചിലച്ചു ചിരിച്ച്, അന്തിമാനത്തിൻ്റെ കുങ്കുമരാജിയിലേക്ക് ചിറക് ചെരിച്ച് പറന്നു...
- ഒളിയാഴി
.jpg)


Comments
Post a Comment